This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലുമിനിയം വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലുമിനിയം വ്യവസായം

Aluminium Industry

ഫ്രഞ്ചുശാസ്ത്രകാരനായ എച്ച്. സെന്റ് ക്ലെയര്‍ ഡിവില്ലെ 1854-ല്‍ അലുമിനിയത്തെ ശുദ്ധലോഹരൂപത്തില്‍ വേര്‍തിരിച്ചെടുക്കാനുള്ള ആദ്യത്തെ പ്രായോഗികമാര്‍ഗം കണ്ടെത്തിയതോടെ ആരംഭിച്ച അലുമിനിയം വ്യവസായം ഇന്നു ലോകത്തിലെ വലിയ ഒരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. വിമാനങ്ങള്‍, കാറുകള്‍, ബസ്സുകള്‍, കപ്പലുകള്‍, ട്രെയിനുകള്‍ മുതലായ വാഹനങ്ങളുടെ നിര്‍മാണത്തില്‍ അലുമിനിയം അവിഭാജ്യഘടകമാണ്. ആധുനികസങ്കേതത്തിലുള്ള കെട്ടിടനിര്‍മിതിയിലും വൈദ്യുതരാസവ്യവസായങ്ങളിലും അലുമിനിയം വലിയ പങ്കു വഹിക്കുന്നു. ശാസ്ത്രസാങ്കേതികപുരോഗതിക്കൊപ്പം അലുമിനിയത്തിന്റെ ഉപയോഗവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

അലിന്‍ഡിന്‍ കയറ്റുമതിക്കു തയ്യാറാക്കപ്പെട്ട വൈദ്യുതചാലകങ്ങള്‍

അലുമിനിയം ലവണങ്ങളുടെ രാസപ്രവര്‍ത്തനക്ഷമതയെപ്പറ്റി പുരാതനകാലത്തുതന്നെ അറിവു ലഭിച്ചിരുന്നു. പ്ളിനിയുടെ നാച്വറല്‍ ഹിസ്റ്ററിയില്‍ ആലം എന്ന ലവണത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ഈജിപ്തുകാരും യഹൂദന്മാരും ഫിനീഷ്യന്മാരും തുണികള്‍ക്കു നിറംപിടിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ ആലം ഒരു പ്രധാന വസ്തുവായിരുന്നു. തുകല്‍ ഊറയ്ക്കിടുവാനും പുരാതന ഈജിപ്തുകാര്‍ ആലം ഉപയോഗിച്ചിരുന്നു.

പ്രാചീനകാലത്തുതന്നെ അലുമിനിയം ലവണങ്ങളുടെ ഉപയോഗം കണ്ടെത്തിയിരുന്നെങ്കിലും അവയെ ചുണ്ണാമ്പുകല്ലില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞത് 18-ാം ശ.-ത്തില്‍ മാത്രമാണ്. 1754-ല്‍ എ.എസ്. മാര്‍ഗ്രാഫ് എന്ന ശാസ്ത്രകാരന്‍ ചുണ്ണാമ്പുകല്ലില്‍നിന്ന് ആലം വേര്‍തിരിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തി. എന്നാല്‍ അലുമിനിയം ലോഹരൂപത്തില്‍ത്തന്നെ ലഭ്യമാക്കുവാന്‍ വീണ്ടും ഒരു നൂറ്റാണ്ടുകാലത്തെ പരിശ്രമംകൂടി വേണ്ടിവന്നു. ഏറ്റവും താഴ്ന്ന സംയോജകതയുള്ള അലുമിനിയംലോഹസംയുക്തങ്ങള്‍ തയ്യാറാക്കാന്‍ നടത്തിയ പരിശ്രമത്തിനിടയിലാണ് ക്ളെയര്‍ ഡി. വില്ലെയ്ക്ക് അലുമിനിയം ലോഹരൂപത്തില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുമെന്നു ബോധ്യപ്പെട്ടത്. അതോടെ അലുമിനിയം വ്യവസായം ആരംഭിച്ചു എന്നു പറയാം. എന്നാല്‍ അലുമിനിയം വന്‍തോതില്‍ നിര്‍മിക്കാന്‍ തുടങ്ങിയത് 1854-ല്‍ മാത്രമാണ്. അലുമിനിയം ക്ലോറൈഡും സോഡിയവും പരസ്പരം രാസപ്രവര്‍ത്തനത്തിനു വിധേയമാക്കപ്പെടുമ്പോള്‍ അതില്‍നിന്നു സോഡിയം ക്ലോറൈഡ് സ്വേദനത്താല്‍ വേര്‍തിരിക്കാന്‍ കഴിയുമെന്നു ഡി വില്ലെ കണ്ടുപിടിച്ചു.

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായ ലോഹം അലുമിനിയം ആണ്. ഇത് ഭൗമോപരിതലത്തിലെ ഖരപദാര്‍ഥങ്ങളുടെ എട്ടു ശതമാനത്തോളം വരും. ഓക്സിജനുമായി അലുമിനിയം പെട്ടെന്നു രാസസംയോജനം നടത്തുന്നതിനാല്‍ ശുദ്ധലോഹരൂപത്തില്‍ വര്‍ത്തിക്കുന്നില്ല. മുഖ്യമായും ഓക്സൈഡുകളായിട്ടാണു കാണപ്പെടുക. സിലിക്കേറ്റുകളായും ഫോസ്ഫേറ്റ്, സള്‍ഫേറ്റ് എന്നീ ലവണങ്ങളായും അലുമിനിയം ലഭ്യമാണ്. ഇവയില്‍ വ്യവസായപ്രധാനമായ അയിര് ബോക്സൈറ്റ് അഥവാ അലുമിനിയം ഓക്സൈഡാണ്. ബോക്സൈറ്റില്‍നിന്നാണ് അലുമിനിയം വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഖനനം ചെയ്തെടുക്കുന്ന അയിരില്‍നിന്നു ശുദ്ധമായ ബോക്സൈറ്റ് വേര്‍തിരിച്ചെടുക്കുകയും അതില്‍നിന്നു വൈദ്യുതിയുടെ സഹായത്തോടെ അലുമിനിയത്തെ വിശ്ലേഷണരീതിയില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം നിക്ഷേപം ജമേക്കയിലാണ്. മറ്റു പ്രധാന നിക്ഷേപങ്ങള്‍ ഹംഗറി, ഘാനാ, ബ്രസീല്‍, ഗിനിയ, യുഗോസ്ലാവിയ, ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങളിലാണ്.

ഭാരക്കുറവാണ് അലുമിനിയത്തിന്റെ പ്രത്യേകത. മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് സങ്കരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയ്ക്കു കൂടുതല്‍ ഉറപ്പു ലഭിക്കുന്നു. തന്നിമിത്തം അലുമിനിയംലോഹസങ്കരങ്ങള്‍ വാഹനങ്ങളുടെ നിര്‍മാണത്തിനു ഏറ്റവും അനുയോജ്യമായി ഭവിക്കുന്നു. ചെമ്പു കഴിഞ്ഞാല്‍ ഏറ്റവും വൈദ്യുതസംവഹനക്ഷമതയുള്ള ലോഹമാണ് അലുമിനിയം; അന്തരീക്ഷവായുവുമായി ചേര്‍ന്നു ജീര്‍ണിക്കുകയുമില്ല. തന്നിമിത്തം വൈദ്യുതിവിതരണത്തില്‍ ചാലകങ്ങളുണ്ടാക്കാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലോഹവും അലുമിനിയം തന്നെ. അലുമിനിയത്തിന്റെ താപസംവഹനക്ഷമതയും ഏറിയിരിക്കുന്നു. അന്തര്‍ദഹനയന്ത്രങ്ങളുടെ ഭാഗങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ പാകംചെയ്യാനുള്ള പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ അലുമിനിയം ഉപയോഗിക്കുന്നു. വെള്ളിയുടെ നിറമുള്ള ഈ ലോഹം ദൂരദര്‍ശിനികളിലെ ദര്‍പ്പണങ്ങളില്‍ പൂശാന്‍ ഉപയോഗപ്പെടുത്തുന്നു.

രാസവ്യവസായങ്ങളില്‍ അമ്ലങ്ങളും ക്ഷാരങ്ങളും സംഭരിക്കുന്ന ടാങ്കുകള്‍ ഉണ്ടാക്കുന്നതിന് അലുമിനിയമാണ് ഉപയോഗിക്കുന്നത്. പെയിന്റുകള്‍ ഉണ്ടാക്കുന്നതിലും അലുമിനിയം വന്‍തോതില്‍ ഉപയോഗിക്കുന്നു. വ്യവസായശാലകളിലെ ആസിഡു നിറഞ്ഞ വാതകങ്ങളെ ചെറുത്തുനില്ക്കാന്‍ അലുമിനിയം പെയിന്റിനു കരുത്തുണ്ട്. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ഉരുക്കുപകരണങ്ങള്‍, ഓയില്‍ടാങ്കുകള്‍, റെയില്‍വേ ഉപകരണങ്ങള്‍ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കുവാന്‍ അലുമിനിയം പെയിന്റാണ് ഏറ്റവും ഉത്തമം. നേര്‍ത്ത അലുമിനിയത്തകിടുകള്‍ ഭക്ഷ്യസാധനങ്ങളുടെ കവചമായി ഉപയോഗിക്കപ്പെടുന്നു.

ഹിന്ദുസ്ഥാന്‍ അലുമിനിയം കമ്പിനിയില്‍ ഉത്പാദിപ്പിക്കപ്പെട്ട അലുമിനിയം ഷീറ്റുകള്‍

ശുദ്ധമായ അലുമിനിയത്തിനു ബലം കുറവായതിനാല്‍ അതിനെ എഞ്ചിനീയറിങ് വ്യവസായത്തില്‍ അതേ രൂപത്തില്‍ ഉപയോഗിക്കുവാന്‍ പറ്റുകയില്ല. എന്നാല്‍ മറ്റു ലോഹങ്ങളുമായി ചേര്‍ത്തു നിര്‍മിക്കുന്ന അലുമിനിയം സങ്കരങ്ങള്‍ ഈ കുറവു പരിഹരിക്കുന്നു. ഒന്നാം ലോകയുദ്ധകാലത്ത് വിമാനനിര്‍മാണത്തിനു അലുമിനിയം ലോഹസങ്കരങ്ങള്‍ വന്‍തോതില്‍ ആവശ്യമായിത്തീര്‍ന്നതോടെ ലോഹസങ്കരനിര്‍മാണത്തില്‍ പുതിയ പുതിയ സാങ്കേതികതകള്‍ വികസിച്ചുവന്നു. 1911-ല്‍ ആല്‍ഫ്രഡ് വിം കണ്ടുപിടിച്ച സാങ്കേതികരീതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനെ കാല-ദൃഢീകരണം (age hardening) എന്നു വിളിക്കുന്നു. കാല-ദൃഢീകരണംമൂലം അലുമിനിയം സങ്കരങ്ങള്‍ക്ക് ഏറ്റവുമധികം യാന്ത്രികഗുണങ്ങള്‍ സിദ്ധിക്കുന്നു. വളരെയധികം യാന്ത്രികഗുണങ്ങള്‍ ആവശ്യമില്ലാത്തപ്പോള്‍ അച്ചുവാര്‍പ്പുസമ്പ്രദായം ഉപയോഗപ്പെടുത്തുന്നു. നോ: അലിന്‍ഡ്; അലുമിനിയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍